Showing posts with label മാതൃഭൂമി. Show all posts
Showing posts with label മാതൃഭൂമി. Show all posts

Wednesday, July 30, 2008

ജലപുരാണം

“നിനക്ക് ഇന്നലെ സ്കൂളില്ലാരുന്നോടാ!” എന്ന് അമ്മയുടെ സംശയത്തോടെയുള്ള ചോദ്യം (അലർച്ച) കേട്ടാണ് ജൂലൈ മാസത്തിലെ മഴപെയ്തു കുതിർന്ന ആ ശനിയാഴ്ച ഞാൻ ഞെട്ടിയെഴുന്നേറ്റത്. ഉറങ്ങാൻ കിടന്നപ്പോൾ കരിമ്പടം പോലുള്ള പുതപ്പ് പുതച്ചിരുന്നെങ്കിലും അതിന്റെ സ്ഥാനത്ത് ഇപ്പോൾ ഉടുമുണ്ടാണുള്ളത്. മുണ്ടിനെ സെലക്റ്റ് ചെയ്ത് 90 ഡിഗ്രി ഘടികാരദിശയിൽ കറക്കി ഒരുവിധത്തിൽ ഉടുത്തൊപ്പിച്ച് ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കി.

സാധാരണ കാണാറുള്ള കട്ടൻ കാപ്പി അമ്മയുടെ കയ്യിലില്ല അതിനു പകരം മുറ്റമടിക്കുന്ന ചൂലും ചൂട് പറക്കുന്ന മാതൃഭൂമിയും ഉണ്ട്. സൂര്യൻ വെള്ള കീറാനായി കോടാലി പാറയിൽ ഉരയ്ക്കുന്നതേയുള്ളൂ. ഞാൻ ക്ലോക്കിൽ നോക്കി, സമയം കൃത്യം ഒൻപതുമണി. ഉം... ആ ബാറ്ററിയുടെ വെടി തീർന്നു. ഞാൻ വീണ്ടും അമ്മയെ നോക്കി; ഹല്ലാ... അച്ഛനും എണീറ്റിട്ടുണ്ടല്ലോ! അനിയത്തി അവരുടെ പുറകിൽ ഒരു കള്ളച്ചിരിയോടെ നിൽക്കുന്നു. “അളിയാ എന്തോ പണി കിട്ടിയിട്ടുണ്ട്, ഏതോ ഒരു പ്ലാൻ പാളി. തല്ലുമേടിക്കാൻ റെഡിയായിക്കോ” ഇടതു വശത്തു നിന്നും എന്റെ പ്രിയ ഗാർഡിയൻ ഡെമോൺ പരിഭ്രമത്തോടെ പറഞ്ഞു. ഞാൻ വലത്തേയ്ക്കു തിരിഞ്ഞ് എന്റെ കാവൽ മാലാഖയെ നോക്കി. ഒരു വാക്കു പോലും ഉരിയാടാതെ അവൻ മുപ്പതു ദിവസം പുറകോട്ടുള്ള എല്ലാ പെറപ്പു കേടുകളും കണക്കു പുസ്തകത്തിൽ തിരഞ്ഞു തുടങ്ങി. ഏറ്റവും പരാജയ സാദ്ധ്യതകളുള്ള മാവിലെറിഞ്ഞു വീടിന്റെ ഓടു പൊട്ടിച്ചതും, അനിയത്തിയെ കാലൻ കുടയ്ക്ക് അടിച്ചു വീഴ്ത്തിയതും, അപ്പന്റെ 50 രൂപ അടിച്ചുമാറ്റിയതും, വല്ല്യപ്പനെ “മച്ചമ്പീ”ന്നു വിളിച്ചതും എന്നു വേണ്ട അപ്പുറത്തെ വീട്ടിലെ ആന്റിയെ കമന്റടിച്ചതു വരയുള്ള പത്തു പെറപ്പുകൾ അവൻ ലിസ്റ്റ് ചെയ്തു.

രക്ഷയില്ല...ഇതൊന്നുമല്ല; ഇവയ്ക്കൊന്നും ഇന്നലത്തെ ക്ലാസുമായി ബന്ധമില്ല മാത്രമല്ല ഇത്രവും വല്യ ഒരു തിരയിളക്കമുണ്ടാക്കാനുള്ള സ്റ്റാൻഡേഡുമില്ല. “എന്തു പുല്ലായാലും വേണ്ടില്ല നേരിട്ടു കളയാം“ ഡെമോൺ പറഞ്ഞു. അവൻ തന്ന ആത്മവിശ്വാസത്തിന്റെ പുറത്ത് ഞാൻ പറഞ്ഞു “ക്ലാസുണ്ടായിരുന്നല്ലോ അമ്മേ... മാത്രമല്ല രണ്ട് മണിക്കൂർ എക്സ്ട്രാ ക്ലാസുമുണ്ടായിരുന്നു”.
“ടമാർ പടാർ ധിം ധക്”.... മൂന്നാലൊച്ച.... അതെ ഞാൻ തല്ലു മേടിച്ചു ....
“ക്ലാസ് കട്ട് ചെയ്ത് തെണ്ടിത്തിരിഞ്ഞു നടക്കുന്നതും പോരാ നുണ പറയുകയും കൂടി ചെയ്യുന്നോ“... വീണ്ടും ടമാർ പടാർ.

ദാ കിടക്കുന്നു നോക്ക്... ചൂടൻ മാതൃഭൂമി എന്റെ നേരേ വലിച്ചെറിഞ്ഞിട്ട് അമ്മ പറഞ്ഞു.
“പിന്നേ രാവിലെ വിളിച്ചുണർത്തി തല്ലും തന്നിട്ട് പത്രം ഒലത്തിയാ മതി“ ഇടതുവശത്തു നിന്നും ഡെമോണിന്റെ വക കമന്റ്. ഏതായാലും തല്ലു മേടിച്ചു; തിരിച്ചു കൊടുക്കാൻ നിവൃത്തിയുമില്ല എന്നാപ്പിന്നെ പത്രം വായിച്ചുകളയാം. ഒന്നാം പേജിൽ തന്നെ അടൽജിയുടെ (അതോ സാജു കൊടിയനാണോ ) ഫോട്ടം ഉണ്ട്. "പാവം പട്ടക്കടയുടെ മുൻപിൽ കിളിച്ച തുളസിതൈയുടെ അവസ്ഥയാണ് അങ്ങോരുടേത് " എന്നാലോചിച്ച്ച്ചു ഒരു നിമിഷം നിന്ന ഞാന്‍ വീണ്ടും വിഷയത്തിലേക്ക് മടങ്ങി വന്നു.


"ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു " എന്നായിരുന്നു ആ തലക്കെട്ട്‌ എന്നാണെന്റെ ട്രൂപ്ത് എന്തായാലും അതിന്‍ താഴെയായി പുതുപ്പള്ളി പള്ളിയുടെ മുന്‍പിലുള്ള പാലത്തില്‍ വെള്ളം കയറിയതിന്റെ ഒരു ഫോട്ടോ ഉണ്ടായിരുന്നു. കുറെ സ്കൂള്‍ കുട്ടികള്‍ ഒരു വള്ളത്തില്‍ കയറി പാലം കടക്കുന്ന ആചിത്രത്ത്തിലെ കുട്ടികളെ എല്ലാം എനിക്ക് വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചു

അതില് ഒന്നു ഞാനായിരുന്നു. ഒരു കാമറ കണ്ടപ്പോള് അഹങ്കരിചു നിന്നു പോട്ടം പിടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്ത ആ നശിച്ച നിമിഷത്തെ മനസ്സില് പ്രാകി ഞാന്‍ പല്ലു തേപ്പു തുടങ്ങി.