Thursday, January 7, 2010

കുളിസീന്‍

മുന്നറിയിപ്പ്: ഇതിലെ കഥാ സന‍്ദര്‍ഭവും കഥാപാത്രങ്ങളും ഭാവനാസൃഷ്ടിയാണ്.

ഞാനും സഹകിങ്കരന്‍മാരും ഗാന‍്ധിയപ്പൂപ്പന്റെ സര്‍വ്വകലാശാലയുടെ ആറാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് നാടകം കാണുന്ന സ‌മയത്താണ് ഈ സംഭവം നടക്കുന്നത്. ആറാം സെമസ്റ്ററിന്റെ കാതലായ സംഭവ‌മാണ് അക്കാഡ‌മിക്ക് പ്രോജക്റ്റ് എന്നറിയപ്പെടുന്ന അയ്യപ്പന്‍പാട്ട് മത്സരം. അതിന്റെ റിഹേഴ്സല്‍ ചെയ്യാനായി ഞാനും ശ്രീരാജും, ജിജേഷും കോട്ടയത്ത് പള്ളിപ്പുറത്തുകാവിലുണ്ടായിരുന്ന ഒരു സോഫ്റ്റ്‌വെയര്‍ ട്രയിനിംഗ് ക‌മ്പനിയില്‍ അട്ടിപ്പേറു കിടക്കുന്ന സ‌മയം. മറ്റാരും കൈവക്കാത്ത VC++ ഭാഷയിലായിരുന്നു ഞങ്ങളുടെ പ്രോജക്റ്റ് പ്രൊപ്പോസ് ചെയ്തിരുന്നത്.

നല്ല മനസ്സിനുടമയായ‌ ജിജേഷ് രാത്രിമുഴുവനും Win32 API പഠിക്കുകയും, കോഡെഴുതുകയും ചെയ്യും.
ഞാന്‍ അതിന്റെ UI/UX ഭാഗങ്ങളും, ഡോക്കുമെന്റേഷനും നടത്തും(copy-paste).
ശ്രീരാജ് കോഡ് റിവ്യൂ, ക്ളയന‍്റ്റ് ഇന‍്റ്ററാക്ഷന്‍ (ലവന്റെ പെണ്ണുംമ്പിള്ളയുമായി), പ്രോക്യുര്‍മെന‍്റ്റ് (കുപ്പി,പൊറോട്ട, ചിക്കന്‍ ആദിയായവ), ലോജിസ്റ്റിക്സ് (എന്റെയും ജിജേഷിന്റെയും പിന്നെ കുപ്പിയുടെയും) തുടങ്ങിയ പ്രോജക്റ്റ് മാനേജ്മെന‍്റ്റ് ജോലികളും ചെയ്യും.

എന്തിനധികം പറയുന്നു വെളുപ്പാന്‍കാലം ചൂട്ടുകറ്റയും കത്തിച്ചു വേണം കോളേജില്‍ പോവാന്‍. കോളേജിലെ മണ്ണുമാന്തലും പ്രോജക്റ്റിനു വള‌മിടലുമൊക്കെ കഴിഞ്ഞു വൈകിട്ട് തിരികെ വീട്ടില്‍ പോകുമ്പോള്‍ ഏകദേശം പത്തു മണിയോളം ആവും. പിന്നെ നേരെ രാജുവേട്ടന്റെ തട്ടുകടയില്‍ പോയി പൊറോട്ടയും ഓംലറ്റും കഴിച്ചെങ്കില്‍ മാത്രമേ ഒരു ദിവസം പൂര്‍ണ്ണ‌മാവൂ.

അങ്ങനെ ഒരു ദിവസത്തിന്റെ രണ്ടാം യാമത്തില്‍ പ്രോജക്റ്റ് മാന്തല്‍ കഴിഞ്ഞു ഞങ്ങള്‍ ട്രയിനിംഗ് സെന‍്റ്ററിന്റെ വെളിയില്‍ ഇറങ്ങിയ സ‌മയം. പെട്ടന്നാണ് ജിജേഷ് അതുകണ്ടത്. തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‌ ഒരു ബാത്ത്റൂമിന്റെ ലൈറ്റ് പ്രകാശിച്ചു നില്ക്കുന്നു; അവിടെ ഒരു നിഴലനക്കം കാണുന്നുമുണ്ട്.
"അളിയാ കുളി" ജിജേഷ് വിളിച്ചു പറഞ്ഞു. "പിന്നേ സ്വന്തം‌ തന്തേം തള്ളേം പറഞ്ഞാലും ഞാന്‍ കുളിക്കാറില്ല പിന്നെയാ... ഒന്നു പോടാപ്പാ!" എന്നായിരുന്നു ശ്രീരാജിന്റെ പ്രതികരണം. "ഡാ മൈകുണാപ്പാ.... അതല്ല... ദോ ദവിടെ" ജിജേഷ് ആ ബാത്ത് റൂമിനു നേരെ വിരല്‍ ചൂണ്ടി വീണ്ടും പറഞ്ഞു.
ചുറ്റുവട്ടത്തുള്ള വീടുകളിലും ഫ്ളാറ്റുകളിലും ഒരുപാടു ചെല്ലക്കിളികള്‍ ഉണ്ടെന്നറിയാമായിരുന്ന ഞാന്‍ പെട്ടന്നു തന്നെ ട്രയിനിംഗ് സെന‍്റ്ററിന്റെ പുറകു ഭാഗത്തുള്ള എമര്‍ജന്‍സി എക്സിറ്റ് (വെളിയില്‍ മൗണ്ട് ചെയ്യുന്ന ഇനം) വഴി പിടിച്ചു കയറി മൂന്നാമത്തെ നിലയിലെത്തി.

ഇപ്പോള്‍ ആ ബാത്ത്റൂമിന്റെ വെന്റിലേഷന്‍വഴി എനിക്ക് സംഗതി നന്നായി കാണാനാവുന്നുണ്ട്.
താഴെ ശ്രീരാജും ജിജേഷും, ലേബര്‍ റൂമിനുവെളിയില്‍, നഴ്സാന്റിയുടെ വിളിക്കായി കാത്തു നില്കുന്ന ഭര്‍ത്താക്കന‍്മാരെപ്പോലെ ആകാംക്ഷയുടെ മുള്‍മുനയിലാണ്.

"അളിയാ കാണാമോ?" ജിജേഷ് ചോദിച്ചു "ഊം...കിടിലം മച്ചൂ.....കേറിവാ...." ഞാന്‍ മറുപടി ചെയ്തു. കൃത്യം 3500 മില്ലിസെക്കന‍്റ്റുകള്കൊണ്ട് ലവന‍്മാര്‍ മൂന്നാമത്തെ നിലയിലെത്തി. ആക്രാന്തത്തോടെ ആ ബാത്ത്‌റൂമിലേയ്ക്ക് എത്തിനോക്കിയ അവര്‍ വികാരപുളകിതരായി, "പന്നക്കഴുവേറീ" എന്നു ആക്രോശിച്ച് എന്നെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു.

ആക്രിപെറുക്കുന്ന അണ്ണാ‌ച്ചിമാര്‍ കൂട്ടത്തോടെ താമസിക്കുന്ന ഒരു വാടകവീടായിരുന്നു അത്. ആക്രാന്തത്തോടെ എത്തി നോക്കിയ ഞങ്ങള് കണ്ടത് പാവപ്പെട്ട ഒരു തടിയന്‍ അണ്ണാച്ചി പിറന്ന കോലത്തില്‍ നിന്നു കുളിക്കുന്ന നയനാനന‍്ദകരമായ കാഴ്ചയായിരുന്നു.