കോളജില്‍ പഠിക്കുന്ന കാലത്തു തന്നെ ഞാനും ജേക്കബും പേരു കേട്ട എന‍്റ്റര്‍പ്രീനര്‍മാരായിരുന്നു. മാട്രിക്സ് സൊലൂഷന‍്സ് പി.ജെ.എസ്.സി (Matrix Solutions P.J.S.C) എന്ന മള്‍ട്ടിനാഷണല്‍ കമ്പനി 2003-2004 കാലഘട്ടത്തില് ഞങ്ങള്‍ സ്ഥാപിച്ചതാണു് (PJSC എന്നാല്‍ ഇവിടെ പബ്ളിക് ജോയിന്‍റ്റ് സ്റ്റോക്ക് കമ്പനി അല്ല!! ). പത്തു പതിനഞ്ചു പടുകൂറ്റന്‍ സെര്‍വറുകളും ആയിരക്കണക്കിനു വര്‍ക്സ്റ്റേഷനുകളും ഞങ്ങളുടെ കമ്പനി അതിന്റെ നല്ല കാലത്തില്‍ നിര്‍മിച്ചു നല്‌കിയിട്ടുമുണ്ട്.
വില്‍ക്കുന്നതു സെര്‍വ്വറായാലും ശരി, മൗസായാലും ശരി, മൗസ് പാഡായാലും ശരി ഓരോ ഇന്‍വോയിസിനും ഓരോ വെള്ളമടി എന്നത് ആ കമ്പനിയുടെ ബൈലോ വഴി ഉറപ്പിച്ചിരുന്ന ഒരു നിയമമായിരുന്നു. ബാറുകളും, ബ്രാന്‍റ്റുകളും തേടിയുള്ള ആ യാത്രയില്‍ ഞങ്ങളുടെ കൂടെ ജേക്കബിന്റെ ഹാര്‍ലിയും(Harley) ഒരു പങ്കാളിയായിരുന്നു.
അങ്ങനെ ഒരു ദിവസം ഏതോ ഒരു കസ്റ്റമറിനു IDE കേബിള്‍ വിറ്റതിന്റെ വക വെള്ളമടി കഴിഞ്ഞു ഞങ്ങള്‍ കോട്ടയത്തുനിന്നും ഹാര്‍ലിയുടെ പുറത്തേറി വരികയാണ്. അന്നു നന്നായി പിടിപ്പിച്ചിരുന്നതിനാല്‍, ഞാന്‍ മഴ നനഞ്ഞ ത്രിവര്‍ണ്ണ പതാക പോലെ ആയി മാറിയിരുന്നു. ഇടയ്ക്കിടയ്ക്ക് പൊന്തി വന്ന സുവര്‍ണ്ണഖഡ്ഗങ്ങളെ(മലയാളം:വാള്‍, മഞ്ഞവാള്‍) മഹാഓപ്പിയാര്‍ മന്ത്രത്താല്‍ അടക്കി നിര്‍ത്തിയായിരുന്നു എന്റെ സഞ്ചാരം. സമയം പത്തര കഴിഞ്ഞതിനാലും, എന്റെ അവസ്ഥ അത്ര പന്തിയല്ലാത്തതിനാലും അന്നു ഞാന്‍ ജേക്കബിന്റെ വീട്ടില്‍ കിടക്കാന്‍ തീരുമാനിച്ചു. ജേക്കബ് എന്നെ പോകാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.
വീട്ടില്‍ ചെന്നാല്‍ വെള്ളമടിച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പെരുമാറ്റവും പാടില്ല എന്നു ജേക്കബ് മുന്നറിയിപ്പു നല്കിയിരുന്നു. പിടി വീണാല്‍ നമ്മുടെയും കമ്പനിയുടെയും ഭാവി അറബിക്കടലിലായിരിക്കുമെന്നും അവന്‍ എന്നെ ഓര്‍മിപ്പിച്ചു.
സ്വന്തം അനുഭവ സമ്പത്തില്‍ നിന്നും ജേക്കബ് അക്കമിട്ടു നിരത്തിയ ചെയ്തുകൂടാത്ത ചില പ്രധാന മുന്‍കരുതലുകള്‍ ഇവയായിരുന്നു.
- അടിച്ചിരിക്കുന്നത് റൊമാനോവ് ആണ്. ആകാശം ഇടിഞ്ഞു വീണാലും ചിരിക്കരുത് പിന്നെ നിര്‍ത്താന‍് പറ്റൂല.
- കോളിംഗ് ബെല്ല് അടിക്കരുത്. മമ്മി എണീറ്റു കതകു തുറന്നാല് 100% പിടിവീഴും.
- റൊമാനോവിന്റെ മണം ഏതാണ്ട് 3 മീറ്റര്‍ അകലെ നിന്നും തിരിച്ചറിയാം. സേഫ് ഡിസ്റ്റന്‍സ് പാലിക്കുക.
- മമ്മി എണീറ്റു വന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുത്.
- കഴിയുന്നതും "ഉം","ആ" തുടങ്ങിയ സംജ്ഞകള്‍ മാത്രം ഉപയോഗിക്കുക.
- "ഹ","ഭ" തുടങ്ങിയ വ്യന്‍ജനങ്ങളും. "ഠ", "ണ്ട", "ണ്ണ" പോലെയുള്ള കൂട്ടക്ഷരങ്ങളും ഉപയോഗിക്കരുത്.
- എപ്പോഴെങ്കിലും പിടി വീണു എന്നു തോന്നിയാല്‍ കോമണ്‍ സെന്‍സ് ഉപയോഗിച്ചു തല ഊരിയെടുക്കുക.
ജേക്കബിന്റെ മലയാള വ്യാകരണത്തിലും അതേപോലെ കള്ള് കാര്യങ്ങളിലുമുള്ള അഗാധമായ പ്രാവീണ്യം കണ്ട് അമ്പരന്നു നിന്നിരുന്ന ഞാനും അലറി "Strength and Honor".
ഹാര്‍ലിപ്പുറത്തേറിയ ഞങ്ങള്‍ ഗേറ്റു കടന്നു കാര്‍ പോര്‍ച്ചിലെത്തി. ഒരു നിമിത്തമെന്നോണം പെട്ടന്ന് ഹാര്‍ലിയുടെ എഞ്ചിന്‍ ഓഫായി. വീണ്ടും സ്റ്റാര്‍ട്ട് ചെയ്താല്‍ സംഭവം പന്തികേടാകും എന്ന് മനസിലാക്കിയ ജേക്കബ് എന്നോടു പറഞ്ഞു. “നീ ഇവിടെ നില്‍ക്ക്. ഞാന്‍ വണ്ടി കൊണ്ടുപോയി ഷെഢില്‍ വച്ചിട്ട് വരാം. ഞാന്‍ പതുക്കെ അപ്പനെ ഉണര്‍ത്തിയിട്ട് കതകു തുറപ്പിക്കാം”. ഓക്കെ അളിയാ നീ പോയിട്ടു വാ എന്നു ഞാനും പറഞ്ഞു.
കാര്‍ പോര്‍ച്ചിലെ ലൈറ്റ് ഓഫായിരുനതിനാല്‍ അതു പതുക്കെ ഓണ്‍ ചെയ്യാം എന്നു ഞാന്‍ വിചാരിച്ചു. തപ്പി തപ്പി കിട്ടിയ ഒരു സ്വിച്ചില്‍ ഞാന്‍ ആഞ്ഞമര്‍ത്തി.
ടിങ്........ടോങ് എന്ന് ഒച്ച കേട്ടപ്പോഴെ പണി കിട്ടി എന്നു ഞാൻ മനസ്സിലാക്കി. ലൈറ്റിന്റെ സ്വിച്ചിനുവേണ്ടി ഇരുട്ടില്‍ തപ്പിയ ഞാന്‍ അമര്‍ത്തിയത് കോളിങ്ങ് ബെല്ലിന്റെ സ്വിച്ചായിരുന്നു.
പെട്ടന്നുണ്ടായി ഞെട്ടലില്‍ പുറകോട്ടു തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ജേക്കബിനെയായിരുന്നു. എലി പുന്നെല്ലു കണ്ടതുപോലെയുള്ള ഒരു ചിരിയും പാസ്സാക്കി നില്‍ക്കുന്ന എന്നോടായി അവൻ പറഞ്ഞു. “കൊളമാക്കി അല്ലേടാ കള്ള പന്നീ”. “അയാം ദ സോറി അളിയാ അയാം ദ് സോറി” എന്നു ഞാനും പറഞ്ഞു.
ബെല്ലടിച്ച് രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴേയ്ക്കും ഷിബിയാന്റി എത്തി വാതില്‍ തുറന്നു. പോക്കറ്റടിക്കാരെ കയ്യോടെ പിടികൂടിയ സബ് ഇന്‍സ്പെക്ടറെ പോലെ ഷിബിയാന്റി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി. കച്ചിത്തുരുമ്പിന്റെയത്രയും പോലും വെളിവില്ലെങ്കിലും ഞങ്ങള്‍ രണ്ടു പേരും ശ്വാസം പിടിച്ച് കൂളായി നിന്നു.
“സ്ട്രെങ്ത് ആന്റ് ഓണർ അളിയാ സ്ട്രെങ്ത് ആന്റ് ഓണര്‍” ഒരശരീരി എന്റെ കാതില്‍ മുഴങ്ങി. മുകളിലേയ്ക്കു നോക്കിയെ എന്നെ നോക്കി പോര്‍ച്ചിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന ഒരു പല്ലി ഇളിച്ചു കാണിച്ചു. “പുന്നാര മോനെ നിന്നെ ഞാന്‍ പിടിച്ചോളാം“ എന്നു ഞാന്‍ പല്ലിയോടായി (മനസ്സില്‍) പറഞ്ഞു.
ഷിബിയാന്റി ജേക്കബിനോട് എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം അവന്‍ കൃത്യമായി എന്തൊക്കെയോ നുണകള്‍ പറയുകയും ചെയ്തു. ചോദ്യോത്തര വേളയുടെ ഒന്നാം റൌണ്ട് പാസ്സായ ഞങ്ങൾ ജേക്കബിന്റെ വീടിനുള്ളില്‍ കടന്നു. “നിത്യാഭ്യാസി ആനയെ എടുക്കും”(Practice makes perfect) എന്ന് മൂന്നാം ക്ലാസിലെ(അതോ നാലാം ക്ലാസാണോ) കേരള പാഠാവലിയില്‍ കണ്ടത് ഒരു മിന്നായം പോലെ ഞാന്‍ ഓര്‍ത്തു.
തീരെ വെളിവില്ലായിരുന്നതിനാലും, ഉറക്കം തൂങ്ങി നില്‍ക്കുന്നതിനായും പെട്ടന്നു തന്നെ ഞങ്ങള്‍ വസ്ത്രങ്ങള്‍ മാറ്റി, ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. അഞ്ചു മിനിട്ടുകള്‍ക്ക് ശേഷം ഞെട്ടിയുണര്‍ന്ന എനിക്ക് എന്റെ ചുറ്റുമുള്ള വസ്തുക്കളെല്ലാം എന്റെ ചുറ്റിനും കറങ്ങുന്നതായി അനുഭവപ്പെട്ടു. അതിനോടൊപ്പം തന്നെ വായിലെ ഉമിനീരിനു ഉപ്പുരസം കൂടി വരികയും ചെയ്യുന്നു.
ഈശ്വരാ!! എന്റെ ശരീരം വാളുവെക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന നഗ്നസത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. “അളിയാ എനിക്കിപ്പം വാളുവെക്കണം“ അടുത്തു കിടന്ന ജേക്കബിനോടായി ഞാന്‍ അലറി.
കട്ടിലിനരികിലെ മൂലയില്‍ ചാരി വെച്ചിരിക്കുന്ന ഗിറ്റാറിനെ ചൂണ്ടി ഉറക്കച്ചടവോടെ അവന്‍ പറഞ്ഞു “ദാ അവിടെ കൊണ്ടുപോയി ചാരി വെയ്ക്ക്”.
“ഡാ തെണ്ടീ എനിക്കു ശരിക്കും വാളുവെക്കണം” എന്ന എന്റെ അപേക്ഷയില്‍ മനസ്സലിഞ്ഞ അവന്‍ പമ്മി പമ്മി എഴുന്നേറ്റുപോയി എവിടെ നിന്നോ ഒരു പ്ലാസ്റ്റിക്ക് കവറ് കൊണ്ടുവന്നു.
ഗ്രഹണി പിടിച്ച ചെക്കന്‍ ജിലേബി കണ്ടതുപോലെ സന്തോഷം വന്ന ഞാന്‍ ആ പ്ലാസ്റ്റിക്ക് കവര്‍ മുഖത്തോട് ചേര്‍ത്തുപിടിച്ച് വാളുവെക്കാന്‍ തയ്യാറെടുത്തു. പെട്ടന്നാണതു സംഭവിച്ചത് ആരോ ആ ബെഡ് റൂമിലെ ലൈറ്റ് ഓണ്‍ ചെയ്തു.
ഞങ്ങളുടെ നടത്തിയ പരാക്രമത്തിന്റെ സൌണ്ട് ട്രാക്ക് മുഴുവന്‍ കേട്ട് ഉറക്കം നഷ്ടപ്പെട്ട ഷിബിയാന്റി ആയിരുന്നു ലൈറ്റ് ഓണ്‍ ചെയ്തത്. “എന്താടാ ഇവിടെ പരിപാടി, കിടന്നുറങ്ങാറായില്ലേ” എന്നു ചോദിച്ച് ലൈറ്റ് ഓണ്‍ ചെയ്ത ഷിബിയാന്റി കണ്ടത് വാടിയ റോസാപ്പൂക്കളെ പോലെ നിഷ്കളങ്കരായി കിടന്നുറങ്ങുന്ന രണ്ട് യുവാക്കളെയായിരുന്നു. അല്പം കൂടി ഒറിജിനാലിറ്റി തോന്നിപ്പിക്കാനായി ജേക്കബ് പെട്ടന്നു തന്നെ കൂര്‍ക്കം വലിയും ആരംഭിച്ചിരുന്നു. ടോം ആന്റ് ജെറിയില്‍ ഇടയ്ക്ക് നാം കാണാറുള്ള ടോമിന്റെ ഉറക്കത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവന്റെ പ്രകടനം. എനിക്ക് ഉള്ളില്‍ ചിരി വരുന്നുണ്ടായിരുന്നെങ്കിലും വാളില്‍ തടഞ്ഞതിനാല്‍ ആ ചിരി വെളിയിലേയ്ക്ക് വന്നില്ല.
അസ്വഭാവികമായി ഒന്നും കാണാഞ്ഞതിനാല്‍ ഷിബിയാന്റി അപ്പോള്‍ തന്നെ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാന്‍ പോയി. അപ്പോഴും സീലിംഗ് ഫാനിന്റെ കാറ്റില്‍ പെട്ട ഒരു വെളുത്ത പ്ലാസ്റ്റിക്ക് കവര്‍ എന്തിനോ വേണ്ടി ആ മുറിയില്‍ വട്ടം കറങ്ങുന്നുണ്ടായിരുന്നു.