Sunday, November 29, 2009

എന്തിനോ വേണ്ടി....

മുന്നറിയിപ്പ്: ഈ കഥയും കഥാപാത്രങ്ങളും കുറെയൊക്കെ സാങ്കല്പികമാണ്. ;)

കോളജില്‍ പഠിക്കുന്ന കാലത്തു തന്നെ ഞാനും ജേക്കബും പേരു കേട്ട എന‍്റ്റര്‍പ്രീനര്‍മാരായിരുന്നു. മാട്രിക്സ് സൊലൂഷന‍്സ് പി.ജെ.എസ്.സി (Matrix Solutions P.J.S.C) എന്ന മള്‍ട്ടിനാഷണല്‍ കമ്പനി 2003-2004 കാലഘട്ടത്തില്‌ ഞങ്ങള്‍ സ്ഥാപിച്ചതാണു്‌ (PJSC എന്നാല്‍ ഇവിടെ പബ്ളിക് ജോയിന്‍റ്റ് സ്റ്റോക്ക് ക‌മ്പനി അല്ല!! ). പത്തു പതിനഞ്ചു പടുകൂറ്റന്‍ സെര്‍വറുകളും ആയിരക്കണക്കിനു വര്‍ക്സ്റ്റേഷനുകളും ഞങ്ങളുടെ കമ്പനി അതിന്റെ നല്ല കാലത്തില്‍ നിര്‍മിച്ചു നല്‌കിയിട്ടുമുണ്ട്.

വില്‍ക്കുന്നതു സെര്‍വ്വറായാലും ശരി, മൗസായാലും ശരി, മൗസ് പാഡായാലും ശരി ഓരോ ഇന്‍വോയിസിനും ഓരോ വെള്ള‌മടി എന്നത്‌ ആ ക‌മ്പനിയുടെ ബൈലോ വഴി ഉറപ്പിച്ചിരുന്ന ഒരു നിയ‌മ‌മായിരുന്നു. ബാറുകളും, ബ്രാന്‍റ്റുകളും തേടിയുള്ള ആ യാത്രയില്‍ ഞങ്ങളുടെ കൂടെ ജേക്കബിന്റെ ഹാര്‍ലിയും(Harley) ഒരു പങ്കാളിയായിരുന്നു.

അങ്ങനെ ഒരു ദിവസം ഏതോ ഒരു ക‌സ്റ്റ‌മറിനു IDE കേബിള്‍ വിറ്റതിന്റെ വക വെള്ള‌മടി കഴിഞ്ഞു ഞങ്ങള്‍ കോട്ടയത്തുനിന്നും ഹാര്‍ലിയുടെ പുറത്തേറി വരികയാണ്. അന്നു നന്നായി പിടിപ്പിച്ചിരുന്നതിനാല്‍, ഞാന്‍ മഴ നനഞ്ഞ ത്രിവര്‍ണ്ണ പതാക പോലെ ആയി മാറിയിരുന്നു. ഇടയ്ക്കിടയ്ക്ക് പൊന്തി വന്ന സു‌വര്‍ണ്ണഖഡ്ഗങ്ങളെ(മലയാളം:വാള്‍, മഞ്ഞവാള്‍) മഹാ‌ഓപ്പിയാര്‍ മന്ത്രത്താല്‍ അടക്കി നിര്‍ത്തിയായിരുന്നു എന്റെ സഞ്ചാരം. സ‌മയം പത്തര കഴിഞ്ഞതിനാലും, എന്റെ അവസ്ഥ അത്ര പന്തിയല്ലാത്തതിനാലും അന്നു ഞാന്‍ ജേക്കബിന്റെ വീട്ടില്‍ കിടക്കാന്‍ തീരുമാനിച്ചു. ജേക്കബ് എന്നെ പോകാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.

വീട്ടില്‍ ചെന്നാല്‍ വെള്ള‌മടിച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പെരുമാറ്റവും പാടില്ല എന്നു ജേക്കബ് മുന്നറിയിപ്പു നല്കിയിരുന്നു. പിടി വീണാല്‍ ന‌മ്മുടെയും ‌ക‌മ്പനിയുടെയും ഭാവി‌ അറബിക്കടലിലായിരിക്കുമെന്നും അവന്‍ എന്നെ ഓര്‍മിപ്പിച്ചു.
സ്വന്തം‌ അനുഭവ‌ സ‌മ്പത്തില്‍ നിന്നും ജേക്കബ്‌ അക്ക‌മിട്ടു‌ നിരത്തിയ ചെയ്തുകൂടാത്ത ചില പ്രധാന മുന്‍‌കരുതലുകള്‍ ഇവയായിരുന്നു.

  1. അടിച്ചിരിക്കുന്നത് റൊമാനോവ്‌ ആണ്. ആകാശം ഇടിഞ്ഞു വീണാലും ചിരിക്കരുത്‌ പിന്നെ നിര്‍ത്താന‍് പറ്റൂല.
  2. കോളിംഗ് ബെല്ല് അടിക്കരുത്. മ‌മ്മി എണീറ്റു കതകു തുറന്നാല്‌ 100% പിടിവീഴും.
  3. റൊമാനോവിന്റെ മണം ഏതാണ്ട് 3 മീറ്റര്‍ അകലെ നിന്നും തിരിച്ചറിയാം. സേഫ് ഡിസ്റ്റന്‍സ് പാലിക്കുക.
  4. മ‌മ്മി എണീറ്റു വന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുത്.
  5. കഴിയുന്നതും "ഉം","ആ" തുടങ്ങിയ സം‌ജ്ഞകള്‍ മാത്രം ഉപയോഗിക്കുക.
  6. "ഹ","ഭ" തുടങ്ങിയ വ്യന്‍ജനങ്ങളും. "ഠ", "ണ്ട", "ണ്ണ" പോലെയുള്ള കൂട്ടക്ഷരങ്ങളും ഉപയോഗിക്കരുത്.
  7. എപ്പോഴെങ്കിലും പിടി വീണു എന്നു തോന്നിയാല്‍ കോമണ്‍ സെന്‍സ് ഉപയോഗിച്ചു തല ഊരിയെടുക്കുക.
ഇത്രയും പറഞ്ഞു തന്നിട്ട് യുദ്ധത്തിനൊരുങ്ങുന്ന മാക്സിമസ് ഡെസിമസ് മെറിഡിയസിനെ പോലെ ജേക്കബ്‌ അലറി "Strength and Honor".

ജേക്കബിന്റെ മലയാള വ്യാകരണത്തിലും അതേപോലെ കള്ള് കാര്യങ്ങളിലുമുള്ള അഗാധമായ പ്രാവീണ്യം കണ്ട് അമ്പരന്നു നിന്നിരുന്ന ഞാനും അലറി "Strength and Honor".

ഹാര്‍ലിപ്പുറത്തേറിയ ഞങ്ങള്‍ ഗേറ്റു കടന്നു കാര്‍ പോര്‍ച്ചിലെത്തി. ഒരു നിമിത്തമെന്നോണം പെട്ടന്ന് ഹാര്‍ലിയുടെ എഞ്ചിന്‍ ഓഫായി. വീണ്ടും സ്റ്റാര്‍ട്ട് ചെയ്താല്‍ സംഭവം പന്തികേടാകും എന്ന് മനസിലാക്കിയ ജേക്കബ് എന്നോടു പറഞ്ഞു. “നീ ഇവിടെ നില്‍ക്ക്. ഞാന്‍ വണ്ടി കൊണ്ടുപോയി ഷെഢില്‍ വച്ചിട്ട് വരാം. ഞാന്‍ പതുക്കെ അപ്പനെ ഉണര്‍ത്തിയിട്ട് കതകു തുറപ്പിക്കാം”. ഓക്കെ അളിയാ നീ പോയിട്ടു വാ എന്നു ഞാനും പറഞ്ഞു.

കാര്‍ പോര്‍ച്ചിലെ ലൈറ്റ് ഓഫായിരുനതിനാല്‍ അതു പതുക്കെ ഓണ്‍ ചെയ്യാം എന്നു ഞാന്‍ വിചാരിച്ചു. തപ്പി തപ്പി കിട്ടിയ ഒരു സ്വിച്ചില്‍ ഞാന്‍ ആഞ്ഞമര്‍ത്തി.
ടിങ്........ടോങ് എന്ന് ഒച്ച കേട്ടപ്പോഴെ പണി കിട്ടി എന്നു ഞാൻ മനസ്സിലാക്കി. ലൈറ്റിന്റെ സ്വിച്ചിനുവേണ്ടി ഇരുട്ടില്‍ തപ്പിയ ഞാന്‍ അമര്‍ത്തിയത് കോളിങ്ങ് ബെല്ലിന്റെ സ്വിച്ചായിരുന്നു.

പെട്ടന്നുണ്ടായി ഞെട്ടലില്‍ പുറകോട്ടു തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ജേക്കബിനെയായിരുന്നു. എലി പുന്നെല്ലു കണ്ടതുപോലെയുള്ള ഒരു ചിരിയും പാസ്സാക്കി നില്‍ക്കുന്ന എന്നോടായി അവൻ പറഞ്ഞു. “കൊളമാക്കി അല്ലേടാ കള്ള പന്നീ”. “അയാം ദ സോറി അളിയാ അയാം ദ് സോറി” എന്നു ഞാനും പറഞ്ഞു.

ബെല്ലടിച്ച് രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴേയ്ക്കും ഷിബിയാന്റി എത്തി വാതില്‍ തുറന്നു. പോക്കറ്റടിക്കാരെ കയ്യോടെ പിടികൂടിയ സബ് ഇന്‍സ്പെക്ടറെ പോലെ ഷിബിയാന്റി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി. കച്ചിത്തുരുമ്പിന്റെയത്രയും പോലും വെളിവില്ലെങ്കിലും ഞങ്ങള്‍ രണ്ടു പേരും ശ്വാസം പിടിച്ച് കൂളായി നിന്നു.

“സ്ട്രെങ്ത് ആന്റ് ഓണർ അളിയാ സ്ട്രെങ്ത് ആന്റ് ഓണര്‍” ഒരശരീരി എന്റെ കാതില്‍ മുഴങ്ങി. മുകളിലേയ്ക്കു നോക്കിയെ എന്നെ നോക്കി പോര്‍ച്ചിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന ഒരു പല്ലി ഇളിച്ചു കാണിച്ചു. “പുന്നാര മോനെ നിന്നെ ഞാന്‍ പിടിച്ചോളാം“ എന്നു ഞാന്‍ പല്ലിയോടായി (മനസ്സില്‍) പറഞ്ഞു.

ഷിബിയാന്റി ജേക്കബിനോട് എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം അവന്‍ കൃത്യമായി എന്തൊക്കെയോ നുണകള്‍ പറയുകയും ചെയ്തു. ചോദ്യോത്തര വേളയുടെ ഒന്നാം റൌണ്ട് പാസ്സായ ഞങ്ങൾ ജേക്കബിന്റെ വീടിനുള്ളില്‍ കടന്നു. “നിത്യാഭ്യാസി ആനയെ എടുക്കും”(Practice makes perfect) എന്ന് മൂന്നാം ക്ലാസിലെ(അതോ നാലാം ക്ലാസാണോ) കേരള പാഠാവലിയില്‍ കണ്ടത് ഒരു മിന്നായം പോലെ ഞാന്‍ ഓര്‍ത്തു.

തീ‍രെ വെളിവില്ലായിരുന്നതിനാലും, ഉറക്കം തൂങ്ങി നില്‍ക്കുന്നതിനായും പെട്ടന്നു തന്നെ ഞങ്ങള്‍ വസ്ത്രങ്ങള്‍ മാറ്റി, ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. അഞ്ചു മിനിട്ടുകള്‍ക്ക് ശേഷം ഞെട്ടിയുണര്‍ന്ന എനിക്ക് എന്റെ ചുറ്റുമുള്ള വസ്തുക്കളെല്ലാം എന്റെ ചുറ്റിനും കറങ്ങുന്നതായി അനുഭവപ്പെട്ടു. അതിനോടൊപ്പം തന്നെ വായിലെ ഉമിനീരിനു ഉപ്പുരസം കൂടി വരികയും ചെയ്യുന്നു.

ഈശ്വരാ!! എന്റെ ശരീരം വാളുവെക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന നഗ്നസത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. “അളിയാ എനിക്കിപ്പം വാളുവെക്കണം“ അടുത്തു കിടന്ന ജേക്കബിനോടായി ഞാന്‍ അലറി.

കട്ടിലിനരികിലെ മൂലയില്‍ ചാരി വെച്ചിരിക്കുന്ന ഗിറ്റാറിനെ ചൂണ്ടി ഉറക്കച്ചടവോടെ അവന്‍ പറഞ്ഞു “ദാ അവിടെ കൊണ്ടുപോയി ചാരി വെയ്ക്ക്”.

“ഡാ തെണ്ടീ എനിക്കു ശരിക്കും വാളുവെക്കണം” എന്ന എന്റെ അപേക്ഷയില്‍ മനസ്സലിഞ്ഞ അവന്‍ പമ്മി പമ്മി എഴുന്നേറ്റുപോയി എവിടെ നിന്നോ ഒരു പ്ലാസ്റ്റിക്ക് കവറ് കൊണ്ടുവന്നു.

ഗ്രഹണി പിടിച്ച ചെക്കന്‍ ജിലേബി കണ്ടതുപോലെ സന്തോഷം വന്ന ഞാന്‍ ആ പ്ലാസ്റ്റിക്ക് കവര്‍ മുഖത്തോട് ചേര്‍ത്തുപിടിച്ച് വാളുവെക്കാന്‍ തയ്യാറെടുത്തു. പെട്ടന്നാണതു സംഭവിച്ചത് ആരോ ആ ബെഡ് റൂമിലെ ലൈറ്റ് ഓണ്‍ ചെയ്തു.

ഞങ്ങളുടെ നടത്തിയ പരാക്രമത്തിന്റെ സൌണ്ട് ട്രാക്ക് മുഴുവന്‍ കേട്ട് ഉറക്കം നഷ്ടപ്പെട്ട ഷിബിയാന്റി ആയിരുന്നു ലൈറ്റ് ഓണ്‍ ചെയ്തത്. “എന്താടാ ഇവിടെ പരിപാടി, കിടന്നുറങ്ങാറായില്ലേ” എന്നു ചോദിച്ച് ലൈറ്റ് ഓണ്‍ ചെയ്ത ഷിബിയാന്റി കണ്ടത് വാടിയ റോസാപ്പൂക്കളെ പോലെ നിഷ്കളങ്കരായി കിടന്നുറങ്ങുന്ന രണ്ട് യുവാക്കളെയായിരുന്നു. അല്പം കൂടി ഒറിജിനാലിറ്റി തോന്നിപ്പിക്കാനായി ജേക്കബ് പെട്ടന്നു തന്നെ കൂര്‍ക്കം വലിയും ആരംഭിച്ചിരുന്നു. ടോം ആന്റ് ജെറിയില്‍ ഇടയ്ക്ക് നാം കാണാറുള്ള ടോമിന്റെ ഉറക്കത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവന്റെ പ്രകടനം. എനിക്ക് ഉള്ളില്‍ ചിരി വരുന്നുണ്ടായിരുന്നെങ്കിലും വാളില്‍ തടഞ്ഞതിനാല്‍ ആ ചിരി വെളിയിലേയ്ക്ക് വന്നില്ല.

അസ്വഭാവികമായി ഒന്നും കാണാഞ്ഞതിനാല്‍ ഷിബിയാന്റി അപ്പോള്‍ തന്നെ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാന്‍ പോയി. അപ്പോഴും സീലിംഗ് ഫാനിന്റെ കാറ്റില്‍ പെട്ട ഒരു വെളുത്ത പ്ലാസ്റ്റിക്ക് കവര്‍ എന്തിനോ വേണ്ടി ആ മുറിയില്‍ വട്ടം കറങ്ങുന്നുണ്ടായിരുന്നു.

Saturday, September 19, 2009

ജോസഫിന്റെ മീശ

മുന്‍കൂര്‍ ജാമ്യം: ഈ കഥ(?)യും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്‌്‌. ഇതിനു ജീവിച്ചു ചിരിച്ചിരിക്കുന്നവരുമായി യാതൊരു ബന‍്ധവുമില്ല ;)

ജന‍്മനാ പോക്കിരികളും, സ്കൂളിലെ പേരുകേട്ട ചട്ടമ്പികളുമായ പതിനൊന്നാം ക്ളാസ് എ ഡിവിഷനാണു രംഗം. ആ മധുര മനോഹര മനോജ്ഞ ക്ളാസില് ഇരുന്നു പഠിക്കാനായതാണു ഈയുള്ളവന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം.

ഉച്ചകഴിഞ്ഞു ഒന്നാമത്തെ അവറായതേയുള്ളൂ, പ്രധാനികളായ ജോര്‍ജ്ജ്, കാലി, രജീഷ്, രാകേഷ്, ഫിലിപ്പ് ഒക്കെ അന്നത്തെ പണി മതിയാക്കി കളം കാലിയാക്കിയിരിക്കുന്നു. അതോ സ്കൂളിനു പുറകിലെ റബര്‍ തോട്ടത്തില് റ‌മ്മി കളിക്കുന്നുണ്ടോ? ശ്ശോ പോവേണ്ടതായിരുന്നു ഞാന്‍ മനസ്സിലോര്‍ത്തു. പതിവു പോലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി അജയകൃഷ്ണന്‍(ലെവിയാത്തന്‍) എന്റെ വലതു ഭാഗത്തായി ഇരുപ്പുണ്ട്. ഇടതു വശത്തു ശംഖുവരയന്‍ എന്നു വിളിക്കപ്പെടുന്ന രവിശങ്കരനും. നാളത്തേയ്ക്കുള്ള ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുന്ന തിരക്കിലാണു ആശാന്‍. ജോസഫും ജിഞ്ചനും കൂടി മുടിഞ്ഞ പൂജ്യം വെട്ട് കളിക്കുന്നു. അതിനു മാത്രമായി അവര്‍ക്കു 200 പേജിന്റെ ഒരു ബുക്കുണ്ട്!! പുറകുവശത്ത് ജേക്കബും, ആനയും, കറിയായും കൂടി എല്‌വിസ് പ്രസ്‌ലിയുടെ മഹത്തായ ഗാനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറ്റവും മുന്‍പിലെ സ്ത്രീജനങ്ങളുടെ നിരയില് നിന്നും മെറിലിന്റെ കര്‍ണ്ണ കഠോര‌മായ ശബ്ദം കേള്ക്കുന്നുണ്ട്. മനുഷ്‌യനു മനസ്സിലാവുന്ന ഭാഷയൊന്നുമല്ല; സംഗതി എന്തോ മാത്ത് റിലേറ്റഡാണു. ഇവള്ക്കൊന്നും പഠിത്ത‌മല്ലാതെ വേറെ പണി ഒന്നുമില്ലേ എന്നു ഞാന്‍ ചിന്തിച്ചു.

പെട്ടന്നാണു ആ ആക്ര‌മണം ഉണ്ടായത് അടുത്ത അവറില് വരേണ്ട താര മിസ്സ് ഏകദേശം ഒരു മണിക്കൂര്‍ നേരത്തേ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വിധിയെ തടുക്കാന്‍ വില്ലേജോഫീസറിനു പോലുമാവില്ല എന്ന് പണ്ടേതോ മഹാന്‍ പറഞ്ഞത് ഒരിക്കല് കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അനുഭവിക്കുക തന്നെ; അല്ലാതെന്തു ചെയ്യാന്‍. മറ്റുള്ള അദ്ധ്യാപകരുമായി ഉള്ളതുപോലെ, താര‌ മിസ്സുമായി എനിക്കു പേഴ്സണല് കലിപ്പുകളൊന്നുമില്ല എന്നു മാത്രമല്ല ഈ ഉസ്കൂളില് എനിക്ക് ഇഷ്ട‌മുള്ള ഏതാനും ചില ആള്ക്കാരില്‌ പ്രധാനിയുമാണു താര‌മിസ്സ്. എന്നിരുന്നാലും അപ്രതീക്ഷിത‌മായ ആ നീക്കം എന്നെ കോപാക്രാന്തനാക്കി. കസേരയുടെ പെട്ടിയില് അന്നു രാവിലെ കൊണ്ടുവന്നു കുത്തിനിറച്ച പട്ടിച്ചെവിയന്‍ പുസ്തകങ്ങള്ക്കിടയില് നിന്നും, ഓറഞ്ചു നിറം ഉള്ള പട്ടിച്ചെവിയനെ(Fundamentals of Physics) ഞാന്‍ ദേഷ്യത്തോടെ എടുത്തു മുന‍്പില് വച്ചു.

ജോസഫ് പുറകോട്ടു തിരിഞ്ഞിരുന്ന് ബിനുവുമായി എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒരു ടീചര്‍ മുന‍്പില് നില്കുന്നു എന്ന ഒരു ബോധം പോലും ആശാനില്ല.

"എല്ലാവരും ഫിസിക്സ്‌ ടെക്സ്റ്റ് ബൂക്ക് കൊണ്ടുവന്നിട്ടുണ്ടോ? " താര‌മിസ്സ് ചോദിച്ചു. "ഈ സാധനം വീട്ടില് കൊണ്ടുപോയെങ്കിലല്ലേ കൊണ്ടുവരാന്‍ മറക്കൂ" ഞാനും ശാന്തനും പരസ്പരം പറഞ്ഞു!

ജോസഫ് ഇപ്പോഴും തലപുറകിലേയ്ക്കിട്ട് സംസാരത്തിലാണു, ഇവിടെ നടക്കുന്ന കാര‍്യങ്ങള് ഒന്നും പുള്ളി അറിയുന്നില്ല. "ജോസഫേ, ടെക്സ്റ്റ് എവിടെ?" താര‌മിസ്സ് ചോദിച്ചു. ജോസഫ് പെട്ടന്നു ഞെട്ടി എഴുന്നേറ്റു നിന്നു. എന്താണു താര‌മിസ്സ് ചോദിച്ചതെന്ന്‌ ആശാന്‍ കേട്ടിട്ടില്ല. തൊട്ടടുത്തിരുന്ന ജിഞ്ചനോട് ജോസഫ്‌ ചോദിച്ചു, "എന്തു കുന്തമാ ഇവര്‍ ചോദിച്ചെ?". ജിഞ്ചന്‍ ഒതുക്കത്തില് എന്തോ ജോസഫിനോട് പറഞ്ഞു.

"ഉണ്ട് മിസ്സേ, ദാ ശരിക്കും നോക്കിക്കോ!" മൂക്കിനു താഴെ, തന്റെ പൊടിമീശയില് ചൂണ്ടിക്കാണിച്ചുകൊണ്ട് ജോസഫ് പറഞ്ഞു. എന്താണു ഈ പൊട്ടന്‍ പറയുന്നത് എന്നു മനസ്സിലാവാതെ, താര‌മിസ്സ് ഒരിക്കല്‌ കൂടി ചോദിച്ചു "എവിടെ?". "ദാ മൂക്കിനു കീഴില്" എന്നു ജോസഫ്‌ പറഞ്ഞു നിര്‍ത്തിയതും ക്ളാസു മുഴുവന്‍ ചിരിയുടെ മാലപ്പടക്കങ്ങള് പൊട്ടിത്തുടങ്ങി. "എന്തു കുന്തമാ ഇവര്‍ ചോദിച്ചെ?" എന്ന ജോസഫിന്റെ ചോദ്യത്തിനു മറുപടിയായി ജിഞ്ചന്‍ പറഞ്ഞു കൊടുത്തത്, "അളിയാ നിനക്ക് മീശ ഉണ്ടോന്നാ ടീച്ചറ്‌ ചോദിച്ചേ!" എന്നായിരുന്നു.