Saturday, January 6, 2007

എക്സപ്ഷനുകള്‍ ഉണ്ടാവുന്നത്

ആദിയില്‍ ദൈവം പ്രപഞ്ചം എന്ന കണ്ടയിനര്‍ ക്ലാസ് ഉണ്ടാക്കി. അതില്‍ നിന്നും കണ്ടവന്മാരൊന്നും ഇന്‍ഹെറിറ്റ്‌ ചെയ്യാതിരിക്കാനായി ദൈവം അതിനെ സീല്‍ഡ്‌(sealed) എന്ന് ക്വാളിഫൈ ചെയ്തു. അതില്‍ താനെഴുതിചേര്‍ത്ത ഫങ്ഷനുകള്‍ കണ്ട്‌ ദൈവത്തിന്‌ തോലാഞ്ചമുണ്ടായി. ആ ക്ലാസിനുള്ളിലെ പ്രൈവറ്റ്‌ ക്ലാസുകളുടെ വൈവിദ്ധ്യത്തിലും അവയുടെ ഫങ്ഷണാലിറ്റികളിലുള്ള ധാരാളിത്തത്തിലും ദൈവം അഹങ്കരിച്ചു. പ്രപഞ്ചത്തിന്റെ ഒരു റെഫറന്‍സ് വേരിയബിള്‍ ഡിക്ലയര്‍ ചെയ്ത ദൈവം അടുത്ത ലൈനില്‍ ആവേരിയബിള്‍ നേം കഴിഞ്ഞ് ഒരു ഡോട്ട് ഇട്ടുനോക്കി. ഇന്റലിസെന്‍സിന്റെ (Intellisense) സ്വര്‍ണ്ണപ്രഭയില്‍ തന്റെ ഈ ക്ലാസ് ഇന്നു വരെ എഴുതപ്പെട്ട ക്ലാസുകളില്‍ അഗ്രഗണ്യം തന്നെയെന്ന് ദൈവം ഉറപ്പിച്ചു.

എല്ലാം എന്റെ കാല്‍ക്കീഴില്‍ എന്ന് കരുതി അഹങ്കരിച്ച ദൈവം താനെഴുതുന്ന കോഡില്‍ ബഗ്ഗ് ഉണ്ടാവില്ല എന്ന് ഉറച്ചു വിസ്വസിച്ചു. പക്ഷേ പ്രോജക്റ്റ് മാനെജരായ സാത്താന് ഈ ആത്മവിശ്വാസത്തോട് പുച്ഛമായിരുന്നു.

അങ്ങനെ ദൈവത്തിന്റെ പ്രോജക്റ്റ് ഡെമോയ്ക്ക് വന്ന ദിനം. ആത്മവിശ്വാസത്തിലാറാടിയ ദൈവം എക്സപ്ഷന്‍ ഹാന്‍ഡിലിംഗ് മണ്ടന്മാരുടെ ചായയാണെന്നു വിശ്വസിച്ചിരുന്നു. കോഡ് ഒപ്റ്റിമൈസേഷനെപ്പറ്റി വാചാലനാവുന്ന ദൈവം ഡീബഗ്ഗിംഗ് എന്ന് കേട്ടിട്ടു പോലുമില്ല എന്നു നടിച്ചിരുന്നു. ഒരിയ്ക്കല്‍ പോലും ഇന്റഗ്രേഷന്‍ ടെസ്റ്റിംഗ് ചെയ്തു നോക്കാത്ത ആ കോഡ് ദൈവം വിഷ്വല്‍ സ്റ്റുഡിയോയില്‍ ഓപ്പണ്‍ ചെയ്ത് ബില്‍ഡ് ഒപ്പ്ഷന്‍ റിലീസ് സെറ്റ് ചെയ്ത് F5 (Run) അമര്‍ത്തി.

അതിമനോഹരമായ യൂസറ് ഇന്റര്‍ഫേസുമായി ദൈവത്തിന്റെ ആപ്ലിക്കേഷന്‍ റണ്‍ ചെയ്തു തുടങ്ങി. ആദ്യമായി കണ്ട ലോഗിന്‍ ഡയലോഗിലെ Username,Password എന്ന റ്റെക്സ്റ്റ് ബോക്സുകളില്‍ ദൈവം യത്ഥാക്രമം Admin, ******* എന്നീ വിലകള്‍ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു. അതിശയമെന്നു പറയട്ടെ അദ്ദേഹത്തിന്റെ ലോഗിന്‍ വിജയിച്ചു. പിന്നാലെ വന്ന ഡയലോഗിലെ ആകര്‍ഷകമായ "Let there be light" എന്ന ബട്ടണില്‍ അമര്‍ത്തിക്കൊണ്ട് ദൈവം അലറി..ലെറ്റ് ദെയര്‍ ബി ലൈറ്റ്.

1....


2.....


3......


ഒരു മാങ്ങാത്തൊലിയും സംഭവിച്ചില്ല.......

20 സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ വിഷ്വല്‍ സ്റ്റുഡിയോയില്‍ പച്ച നിറത്തില്‍ ഒരു ലൈന്‍ ഹൈലൈറ്റ് ചെയ്തു നിര്‍ത്തിയിരിയ്ക്കുന്നു; അതിനടുത്തായി ചാടിവന്ന ബലൂണ്‍ വിന്‍ഡോയില്‍ എഴുതിയിരിയ്ക്കുന്നു "Object Reference Not Set to Instance of an Object". പരിപൂജ്യ പ്രോജക്ട് മാനേജരാ‍യിരുന്ന സാത്താന്റെ മുഖത്ത് അപ്പോഴുണ്ടായ ചിരി (കാക്ക തേങ്ങാ പൂളും കൊണ്ട് പറക്കുന്ന പോലെ) പൊതുവേ വെളിച്ചം കുറവായിരുന്ന ആ മുറിയെ പ്രകാശമാനമാക്കി. പക്ഷേ ദൈവത്തിന്റെ മുഖത്ത് അക്ഷയ്കുമാര്‍ മോഹന്‍ലാലിന്റെ സെന്റി റോള്‍ ചെയ്യുമ്പോഴുണ്ടാവുന്ന തരത്തിലുള്ള ഒരുതരം ഭാവമായിരുന്നു (അതിന്റെ പേരു പറയാനുള്ള ജ്ഞാനം എനിയ്ക്കില്ല).

പെട്ടന്ന് സാത്താന്‍ ആ പ്രോജക്ട് ഒന്നുകൂടി റണ്‍ ചെയ്യാനാവശ്യപ്പെട്ടു.
തനിക്കിട്ടുള്ള അടുത്ത പാര സാത്താന്റെ വകയായിരിയ്ക്കുമെന്ന് ഇളിഭ്യനായിനിന്ന ദൈവം ഉറപ്പിച്ചു. സാത്താന്റെ വകയായി പണി എന്തായാലും കിട്ടും പുല്ലെല്ലാം വലിച്ചെറിഞ്ഞിട്ട് വല്ല വാര്‍ക്കപ്പണിക്കോ, ഓടവാരാനോ ഇനി അറ്റ കൈക്ക് എം.എല്‍.എ ആവാനോ വല്ലോം പോകാം എന്നു മനസ്സിലാലോചിച്ചുകൊണ്ട് ദൈവം ആ പ്രോജക്റ്റ്ബില്‍ഡ് റീസ്റ്റാര്‍ട്ട് ചെയ്തു. വീണ്ടും പ്രത്യക്ഷപ്പെട്ട ലോഗിന്‍ ഡയലോഗില്‍ സാത്താന്‍ Username എന്ന ബോക്സില്‍ “ or 1=1 --” എന്നും Password എന്ന ബോക്സില്‍ “asdfdf“ എന്നും ടൈപ്പ് ചെയ്തു.

പ്രകൃതി അതിന്റെ തനി കൊണം കാണിച്ചു.... ദൈവത്തിന്‍ ഒരു പുല്ലും മനസ്സിലായില്ല. ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തയുടനേ സാത്താന്റെ ലോഗിന്‍ വിജയിച്ചു. “വാടാ ഒരു സ്മാളടിച്ചിട്ടു വരാം“ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉണ്ടാവുന്ന തരത്തിലുള്ള ഒരുതരം ആഹ്ലാദമായിരുന്നു സാത്താനപ്പോള്‍ ഉണ്ടായത്. ഓതന്റിക്കേഷന്‍ കോഡെഴുതി വച്ച ഏതോ ഒരു ജൂനിയര്‍ മാലാഖ “സീക്വല്‍ ഇന്‍‌ജക്ഷന്‍”(SQL Injection) എന്ന പ്രതിഭാസത്തെപ്പറ്റി ബോധവാനായിരുന്നില്ല. ട്രെയിനിംഗ് പ്രോഗ്രാമിന്റെ സമയത്ത് വല്ല മദാലസയുടേയും വായില്‍ നോക്കിയിരുന്ന്‌ ലെസന്‍ മിസ്സായതാവണം.

തന്റെ കോഡ് പൊട്ടിയതിനെ സാത്താന്‍ ഹൈലൈറ്റ് ചെയ്യാതെ വെറും സീക്വല്‍ ഇന്‍‌ജക്ഷന്‍ ടെസ്റ്റ് മാത്രം ചെയ്തതിന് സാത്താനോട് ദൈവം മനസ്സില്‍ നന്ദി പറഞ്ഞു.

ഓതന്റിക്കേഷന്‍ മോഡ്യൂളിന്റെ കോഡെഴുതിയ ഏതോ ഒരു ജൂനിയര്‍ മാലാഖയുടെ തലയില്‍ എല്ലാ കുറ്റവും ചുമത്തി ദൈവം ആ ഡെമോ അവിടെ അവസാനിപ്പിച്ചു. സാത്താനും ദൈവവുമായുള്ള ഈ ഒത്തുകളിയില്‍ ആ പാവം മാലാഖയുടെ കട്ടേം പടോം മടങ്ങി.

അന്ന് സാത്താനും ദൈവവും കൂടി പൊട്ടിച്ചടിച്ച ബഡ്‌വയ്സര്‍ കാനുകള്‍ മുനിസിപ്പാലിറ്റി ജീവനക്കാരന്‍ തന്റെ വിധിയെ പഴിച്ച് ചുമന്നുകൊണ്ട് പോയ സമയത്തും ഏതോ ഒരു ആപ്ലിക്കേഷന്‍ ലോഗ് ഫയലില്‍ കിടന്ന് ആ നള്‍ റെഫറന്‍സ് എക്സപ്ഷന്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.







2 comments:

bobby said...

kollam aliya, kidilan aayittundu

simy nazareth said...

ഹെന്റമ്മോ! ഇതൊരു തുടക്കം മാത്രം ആവട്ടെ. ആനന്ദ് എഴുത്തുനിറുത്തും. :))